Tuesday, March 04, 2008

മാര്‍ച്ച് അഞ്ച് 2007

മാര്‍ച്ച് അഞ്ച്. മലയാളം ബ്ലോഗിങ്ങിലെ മാത്രമല്ല ഇന്ത്യന്‍ ഇംഗ്ലീ‍ഷ് ബ്ലോഗിങ്ങിലെ തന്നെ ഒരു സുപ്രധാന ദിനമായിരുന്നു കഴിഞ്ഞ വര്‍ഷം(2007) മാര്‍ച്ച് അഞ്ച്. ഒരു ഉപമ പറയാന്‍ ശ്രമിച്ചാല്‍ പാണ്ടി ലോറിയായ യാഹൂവിനു (Yahoo and Yahoo India) മുന്‍പില്‍ തവളകളെപ്പോലെ ബ്ലോഗര്‍മാര്‍ ചതഞ്ഞരയേണ്ടി വരുമെന്ന് കരുതിയിട്ടും, പിച്ചച്ചട്ടിയില്‍ നിന്ന് കൈയ്യിട്ടുവാരുന്ന മുതലാളി ധാര്‍ഷ്ട്യം നിശബ്ദമായൊരു സമരം കൊണ്ട് ബ്ലോഗേര്‍സ് നേരിട്ട ദിനമാണ് മാര്‍ച്ച് അഞ്ച് 2007. മലയാളത്തില്‍ എഴുപത്തഞ്ചോളം ബ്ലോഗുകളും ഇംഗ്ലീഷില്‍ എണ്‍‌പതോളം ബ്ലോഗുകളും അവരവരുടെ ബ്ലോഗില്‍ പ്ലക്കാര്‍ഡുയര്‍ത്തി യാഹൂ എന്ന കോര്‍പ്പറേറ്റ് ഭീമനെതിരെ സമരം ചെയ്ത ദിനം.

ഈ സമരത്തിനു പുറകില്‍ ഒരുപാട് പേരുടെ അധ്വാനത്തിന്റെ സമര്‍പ്പണത്തിന്റെ നേരിന്റെ കഥയുണ്ട്. അതിന്റെ ചുരുളഴിക്കുവാന്‍ തുനിയുകയാണ്. എന്തുകൊണ്ട് ഇപ്പോള്‍ ഈ പോസ്റ്റ് ഇടുന്നു എന്ന് ചോദിച്ചാല്‍ ഒരു സമരം കഴിഞ്ഞിട്ട് അതുണ്ടാക്കിയ ചലനങ്ങളും പ്രത്യാഘാതങ്ങളും നിരീക്ഷിക്കുവാനും സമരത്തെക്കുറിച്ചൊരു അവലോകനം തയ്യാറാക്കുവാനും കുറച്ചധികം സമയം എടുത്തു എന്നുള്ളതാണ്.

കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ചും, ഭാ‍ഷയെക്കുറിച്ചും, ഭക്ഷണ രീതികിളെക്കുറിച്ചും ഇന്റര്‍നെറ്റില്‍ ഇന്ത്യന്‍ ബ്ലോഗുകള്‍ എഴുതി തുടങ്ങി. പ്രൊഫഷണല്‍ നിലവാരമുള്ള ചിത്രങ്ങളോട് കൂടി, പഠിച്ചെഴുതിയ പല നല്ല ലേഖനങ്ങളും ഇതുവരെ കണ്ടിട്ടില്ലാത്ത പോലെ ഇന്ത്യയെ, ഇംഗ്ലീഷിലും ഇന്ത്യന്‍ ഭാഷകളിലും വായനക്കാര്‍ക്കും പുറം‌ലോകത്തിനും പരിചയപ്പെടുത്തി. ഇങ്ങിനെ ബ്ലോഗര്‍മാര്‍ എഴുതിയിരുന്നത് ധനത്തിനു വേണ്ടിയോ അല്ലെങ്കില്‍ ജോലിയുടെ ഭാഗമായോ അല്ല. മറിച്ച് സ്വന്തമായി വളരെയധികം താല്‍പര്യത്തോട് കൂടി ബ്ലോഗര്‍മാര്‍ ഇത് ഗൌരവപൂര്‍വ്വം നിര്‍വ്വഹിച്ചിരുന്നു. അത്രമാത്രം കണ്ടന്റ് (content) ഇന്ത്യയെക്കുറിച്ച് ഇന്റര്‍നെറ്റില്‍ മുന്‍പെങ്ങുമില്ലാത്തതുപോലെ നിറയുവാന്‍ തുടങ്ങി. മാധ്യമങ്ങളില്‍ സാധാരണയായി വന്നിരുന്നതിനേക്കാളും രസകരമായി പ്രത്യേക ചിട്ടകളോ ഫോര്‍മാറ്റുകളോ ഇല്ലാതെയുള്ള സ്വതന്ത്രമായ ബ്ലോഗ് എഴുത്ത്, ഇന്റര്‍നെറ്റില്‍ പോര്‍ട്ടലുകളെ ആശ്രയിച്ചിരുന്ന വളരെയധികം വായനക്കാരെ ആകര്‍ഷിച്ചു. ബ്ലോഗുകളുടെ വളരുന്ന വായനക്കാരേയും പ്രശസ്തിയേയും കണ്ട് പകച്ച് നിന്നത് ഇന്ത്യന്‍ ഇന്റര്‍നെറ്റ് മാധ്യമങ്ങളാണ്. ബ്ലോഗര്‍മാരെ ആകര്‍ഷിക്കുവാന്‍ sulekha.com, rediff.com എന്നിങ്ങനെ പലരും ഫ്രീ ബ്ലോഗിങ്ങ് സ്പേസ് കൊടുക്കുവാന്‍ നിര്‍ബ്ബന്ധിതരായി.

ഇന്ത്യന്‍ പത്രങ്ങളും മാസികകളും ജോലിക്ക് ആളെ വെച്ച് ചെയ്യാവുന്നതിലും ഭംഗിയായി, വ്യക്തികളുടെ ബ്ലോഗുകള്‍ കണ്ടന്റ് എഴുതുന്നതു തോല്‍പ്പിക്കുവാന്‍ ഇന്ത്യന്‍ പത്രമാധ്യമങ്ങള്‍ കണ്ടു പിടിച്ച ഒരു ഏളുപ്പ വഴി ഈ ഫ്രീ കണ്ടന്റ് കണ്ണടച്ച് കോപ്പിയടിക്കുക എന്നതായിരുന്നു.

വളരെ എളുപ്പമായിരുന്നു ഈ കോപ്പിയടി. ബ്ലോഗുകള്‍ ഒരു വ്യക്തിയുടേതാണ്, സ്വാധീനമോ മസില്‍ പവറോ ഇല്ലാത്ത തികച്ചും സാധാരണക്കാരന്റേത്. ബ്ലോഗര്‍ പോലുള്ളവര്‍ സൌജന്യമായി തരുന്ന സ്പേസിലാണ് മിക്കവരും ബ്ലോഗ് ചെയ്യുന്നതും. ഒരുപാട് ആസ്തിയും സ്വാധീനവും ഉള്ള മാധ്യമങ്ങള്‍ അതില്‍ നിന്ന് കൈയ്യിട്ട് വാരിയാല്‍ ആരു ചോദിക്കാന്‍? അങ്ങിനെയൊരു ധാര്‍ഷ്ട്യം ഇന്ത്യന്‍ മാധ്യമങ്ങള്‍ വെച്ച് പുലര്‍ത്തിയിരുന്നു. ബ്ലോഗില്‍ എന്ത് പോസ്റ്റിട്ടാലും നല്ലതാണെങ്കില്‍ അവര്‍ അടിച്ചു മാറ്റിയിരിക്കും, വള്ളിപുള്ളി വിടാതെ. ഇത് ചോദിക്കുവാന്‍ ഈമെയിലുകള്‍ അയച്ചാലോ ഫോണ്‍ ചെയ്താലോ അവര്‍ തീരെ ഗൌനിക്കാതെ മോഷ്ടിച്ച മുതല്‍ എടുത്ത് മാറ്റുവാന്‍ പോലുമുള്ള മര്യാദയോ സന്നദ്ധതയോ പ്രകടിപ്പിച്ചിരുന്നിമില്ല. മാത്രമല്ല, ജോലിക്ക് പുതിയതായി കയറുന്ന ഒരു പത്രപ്രവര്‍ത്തകനു ഏറ്റവും എളുപ്പമുള്ള ട്രെയിനിങ്ങും ഈ ഇന്റര്‍നെറ്റില്‍ സേര്‍ച്ചുക, കിട്ടുന്നതൊക്കെ കോപ്പിയടിച്ച് വെക്കുക ആയിരുന്നു. ആരു ചോദിക്കാന്‍? ടൈംസ് ഓഫ് ഇന്ത്യ മുതല്‍ rediff.com വരെ ഇത് നിര്‍ബാധം തുടര്‍ന്നു പോന്നു.

അങ്ങിനെ ബ്ലോഗര്‍മാര്‍ സ്വന്തം കണ്ടന്റ് ഈ വമ്പന്‍ സ്രാവുകളില്‍ നിന്ന് സംരക്ഷിക്കാന്‍ ഒരു വഴിയും കാണാതെ സഹികെട്ട് ഇരിക്കുന്ന അവസരത്തിലാണ് യാഹൂ എന്ന മള്‍ട്ടി നാഷണല്‍ കമ്പനി ഇതുപോലെ ഒരു നീച പ്രവര്‍ത്തി ചെയ്യുന്നത്. അവര്‍ ചെയ്തതാകട്ടെ, ബുള്‍ഡോസര്‍ വെച്ച് ചേരികള്‍ നിലം‌പരിചാക്കുന്നതു പോലെ ഒരു പ്രവര്‍ത്തിയും. യാഹൂ പോലെ ഒരു കമ്പനിക്ക് മുതല്‍ മുടക്കാന്‍ വരുമാനം ഇല്ലാഞ്ഞിട്ടോ അല്ലെങ്കില്‍ ബ്ലോഗില്‍ നിന്ന് കണ്ടന്റ് കാശ് കൊടുത്ത് വാങ്ങുവാന്‍ സാധിക്കാഞ്ഞിട്ടോ അല്ല. പക്ഷെ ശുദ്ധ നിഷേധം കാണിച്ചാല്‍, ഇന്ത്യയല്ലേ ഇത്, കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍. ആരു ചോദിക്കാന്‍?

അങ്ങിനെ അവര്‍ മനോഹരമായി അവരുടെ ഇന്ത്യന്‍ പോര്‍ട്ടല്‍ നാനാവിധ ഭാഷയില്‍ ഞൊടിയിട കൊണ്ട് തയ്യാറാക്കി. അതില്‍ 60% കണ്ടന്റും ഹിന്ദി മുതല്‍ മലയാളം ബ്ലോഗുകളില്‍ നിന്ന് കണ്ണുമടച്ച് മോഷ്ടിച്ചത്. വെറുതെ മോഷ്ടിക്കുകയല്ല, സമര്‍ത്ഥമായ കള്ളത്തരം. ഹിന്ദിയില്‍ ഉള്ളത് ഗുജറാത്തിയിലും, ഗുജറാത്തിയില്‍ ഉള്ളത് മലയാളത്തിലുമിട്ടാല്‍ ആരു കണ്ട് പിടിക്കാന്‍? ചിത്രങ്ങളടക്കം അവര്‍ സമര്‍ത്ഥമാ‍യി അവരുടെ പേജുകള്‍ നിറച്ചു. മറ്റൊന്നിനും കോപ്പി റൈറ്റ് ഇല്ലെങ്കിലും ചിത്രങ്ങള്‍ക്ക് കോപ്പി റൈറ്റ് ഉണ്ടെന്ന് പോലും അറിയാത്ത പെരുങ്കള്ളന്‍. ജീവിച്ചിരിക്കുന്ന ഹിന്ദി കവികളുടെ ബുക്കുകളില്‍ നിന്ന് മോഷ്ടിച്ച് പോര്‍ട്ടലില്‍ ഇട്ടാല്‍, എന്തായാലും ഇന്റര്‍നെറ്റ് എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ അവര്‍ക്ക് അത് കണ്ട് പിടിച്ച് ചോദിക്കാന്‍ പറ്റില്ലല്ലോ. അങ്ങിനെ അത്ര വിദഗ്ദമായി യാഹൂ ബുള്‍ഡോസര്‍ കൊണ്ട് സാധാരണാക്കാരുടെ ബ്ലോഗുകളേയും ശബ്ദമുണ്ടാക്കില്ലെന്ന് ഉറപ്പുള്ളവരേയും ഇടിച്ചു നിരപ്പാക്കി.

വടക്കേ അമേരിക്കയില്‍ മാത്രമല്ല ലോകമെമ്പാടും നല്ല പ്രശസ്തിയും നിയമങ്ങളുമുള്ള ഒരു കമ്പനി ഇങ്ങിനെ ചെയ്യുമെന്ന് ആരും സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ഇന്ത്യക്കാരെല്ലാം ഇവര്‍ പറയുന്നത് കേട്ട് പഞ്ചപുച്ഛമടക്കി നിന്നുകൊള്ളുമെന്ന് അവര്‍ കരുതിക്കാണുമോ ആവോ? എന്തായാലും അതുപോലെ ഒരതിക്രമം വടക്കേ അമേരിക്കയലല്ല, ചൈനയില്‍ പോലും കാണിക്കുവാന്‍ ആര്‍ക്കും ധൈര്യം ഉണ്ടാവില്ല. പക്ഷെ ഇന്ത്യയില്‍ കാണിക്കാം. നമ്മള്‍ ഒന്നും ചോദിക്കില്ലല്ലോ? യാഹൂ പോര്‍ട്ടലില്‍ സ്വന്തം ബ്ലോഗിന്റെ കണ്ടന്റ് മോഷ്ടിച്ചതായാലും ഒന്ന് കണ്ടാല്‍ മതി എന്ന് കരുതുന്നവര്‍ ഉണ്ടാകുമെന്ന് അവര്‍ കരുതിയിരുന്നോ ആവോ?

എന്തായാലും സൂര്യഗായത്രി എന്ന ബ്ലോഗറുടെ കണ്ടന്റ് യാഹൂ പോര്‍ട്ടലില്‍ അവരുടെ അനുവാദമില്ലാതെ വന്നത് ആ ബ്ലോഗര്‍ക്ക് സ്വീകാര്യമായില്ല. അങ്ങിനെയാണ് യാ‍ഹൂ സമരം തുടങ്ങുന്നത്. ഇന്ത്യന്‍ മാധ്യമങ്ങളുടെ നിഷേധാത്മകമായ നിലപാട് പിന്‍‌തുടരാം എന്ന് യാഹുവും ചിന്തിച്ചിരുന്നിരിക്കണം.

സൂര്യഗായത്രിക്കും മറ്റുള്ള ബ്ലോഗേര്‍സിനും യാഹുവില്‍ നിന്ന് വേണ്ടത് ഒരു മാപ്പായിരുന്നു. യാഹുവിന്റെ പോര്‍ട്ടലില്‍ ഒരു പരസ്യമായ മാപ്പ് പറച്ചില്‍. ചെയ്തത് അന്യായമാണെന്ന് സമ്മതിച്ചുകൊണ്ടുള്ള മാപ്പ്. ഒരു മാതൃക. മറ്റുള്ള മാധ്യമങ്ങള്‍ ഇനി ഇങ്ങിനെയൊന്ന് തുടരില്ലായെ‍ന്ന് ഉറപ്പ് വരുത്താനുള്ള മാതൃക. അതിനു ദിവസങ്ങള്‍ക്ക് മുന്‍പ് ഇതുപോലെ മറ്റൊരു ബ്ലോഗറുടെ കണ്ടന്റ് മോഷ്ടിച്ച ദീപിക ദിനപത്രത്തിനോട് എത്ര പ്രാവശ്യം പറഞ്ഞിട്ടും അവര്‍ ചിത്രം എടുത്ത് മാറ്റാത്തതു കൊണ്ട് അവസാനം മോഷ്ടിച്ച വസ്തുവിനു invoice അയക്കുമെന്ന് പറഞ്ഞ ഉടനേ ദീ‍പിക വേഗം മാപ്പ് പറഞ്ഞ് എടുത്ത് മാറ്റിയ ഒരു ഉദാഹരണം യാഹു മോഷണത്തിനു തൊട്ട് മുന്‍പ് നടന്നിരുന്നു. അതുകൊണ്ട് യാഹുവിനോട് പ്രതിഫലം ചോദിക്കാമെന്നും കോടതി കയറ്റാമെന്നും ഒരു നിലപാട് പ്രത്യക്ഷമായി എടുക്കണം എന്ന് തിരുമാനിക്കപ്പെട്ടു. അങ്ങിനെയെങ്കിലും ഒരു ശക്തമായ നിലപാട് എടുത്തെങ്കിലേ കുറഞ്ഞത് ഒരു മാപ്പ് എങ്കിലും അവരില്‍ നിന്നും കിട്ടുകയുള്ളൂ എന്ന് മുന്‍കാല അനുഭവങ്ങള്‍ പഠിപ്പിച്ചിരുന്നു.

ഈയിടെ മലയാളം ബ്ലോഗില്‍ നടന്ന ഒരു സമരമാണ് ഹരികുമാര്‍ സംഭവം. കൌമുദി എടുത്ത നിലപാടും എല്ലാവരും ശ്രദ്ധിച്ച് കാണും. ഇതേ നിഷേധാത്മകമായ നിലപാട് ഒരായിരം വട്ടം ആവര്‍ത്തിച്ചാല്‍ ഇങ്ങിനെ കൊട്ടിയടയ്ക്കപ്പെടുന്ന വാതിലുകള്‍ക്ക് മുന്‍പില്‍ നിങ്ങളുടെ നിലപാട് എന്താവും? ബ്ലോഗുകളോടുള്ള തുടരേ തുടരേ കാണിച്ചിരുന്ന ഇതേ അവഗണനാത്മക നിലപാടുകള്‍ കാരണമാണ് യാഹൂ പോലെ ഒരു വമ്പന്‍ കമ്പനി വന്നപ്പോള്‍ മുന്നും പിന്നും നോക്കാതെ പലരും സമരത്തിനു ഇറങ്ങിയത്. തോല്‍ക്കുമെന്ന് ഞാനുള്‍പ്പടെ പലരും ഉറപ്പിച്ചിരുന്നിട്ടും ഇതിനു മുന്നിട്ട് ഇറങ്ങാന്‍ ആത്മവിശ്വാസം കിട്ടിയത് നേരിനും സത്യത്തിനും സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും വല്ലപ്പോഴുമെങ്കിലും ഒരു വിജയം ഉണ്ടാവും എന്നൊരു വിശ്വാസത്തിലായിരുന്നു. എന്തായാലും ഇതുപോലെ ഒരു വമ്പനെ ഇനി കിട്ടില്ല എന്നും ഈയവസരത്തില്‍ ബ്ലോഗര്‍മാരുടെ കണ്ടന്റിനെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് ശരിയായ അവബോധം എങ്കിലും ഉണ്ടാക്കുവാന്‍ ഇതിലും നല്ല ഒരു അവസരം ഇല്ലായെന്നും സമരത്തിനു നിന്ന പലരും മനസ്സിലാക്കിയിരുന്നു. അങ്ങിനെ സമരവും സമര പരിപാടികളും തുടങ്ങി.

യാഹൂ സമരത്തിന്റെ ഒരു പ്രധാന പ്രത്യേകത ഇത് സൂര്യഗായത്രിയ്ക്ക് വേണ്ടിയുള്ള സമരമായിരുന്നില്ല എന്നതാണ്. ബ്ലോഗുകള്‍ക്ക് വേണ്ടിയുള്ള, അവയുടെ നിലനില്‍പ്പിനു വേണ്ടിയുള്ള സമരമായിരുന്നു. സൂര്യഗായത്രിക്ക് പകരം അവിടെ എക്സ് അല്ലെങ്കില്‍ വൈ എന്ന ആളാണെങ്കിലും സമരത്തിനു മാറ്റം വരുമായിരുന്നില്ല. കാരണം, സമരത്തിന്റെ കോര്‍ ടീമില്‍ ഉണ്ടായിരുന്നവരെല്ലാം സൂര്യഗായത്രിയുടെ ബ്ലോഗ് വായിക്കും എന്നല്ലാതെ അവരെ നേരിട്ട് പരിചയമോ എന്തിനു ഒരിക്കല്‍ പോലും ഒരു ഈമെയിലോ അയച്ചിരുന്നില്ല. യാഹൂ സമരത്തിന്റെ തിളക്കം ഇത് വ്യക്ത്യാധിഷ്ഠിതമല്ലായിരുന്നു എന്നുള്ളതാണ്.

എങ്കിലും എല്ലാ സമരത്തിനുമെന്ന പോലെ യാഹൂ സമരവും കാര്യമായ വിമര്‍ശനം പല തരത്തിലും നേരിട്ടിരുന്നു. സമരത്തെ എതിര്‍ത്ത ബ്ലോഗേര്‍സ് വിട്ട് പോയത് ഈയൊരു പ്രധാന കാര്യമാണ്. എന്റെ അമ്മയുടെ സാമ്പാറും നിങ്ങളുടെ സാമ്പാറും ഒന്നല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വന്നതും അതുകൊണ്ടാണ്. പലരും ഇത് ചിന്തിച്ചത് സാമ്പാര്‍ നിലയിലാണ്, എന്ന് വെച്ചാല്‍ വളരെ താഴ്ന്ന നിലയില്‍. ഉയര്‍ന്ന തലത്തില്‍ ചിന്തിക്കാന്‍ ശ്രമിച്ചില്ല. പലര്‍ക്കും സിനിമയും മറ്റും റിപ്പ് ചെയ്ത് കാണുന്നതുകൊണ്ട് യാഹുവിനെതിരെ സമരം ചെയ്യാമോ എന്നെല്ലാം ആശയക്കുഴപ്പമുണ്ടായിരുന്നു. പബ്ലിക്ക് റോഡില്‍ പോലീസ് വണ്ടി ഒരാളെ ഇടിച്ച് തെറിപ്പിക്കുന്നത് പോലെയല്ലല്ലോ അമ്മമ്മയുടെ മുറുക്കാന്‍ ചെല്ലത്തില്‍ നിന്ന് വെറ്റില കട്ടാല്‍?

ഇത്രയും വലിയ ഒരു കമ്പനി ഇതുപോലെ ബ്ലോഗ് കണ്ടന്റ് അനുവാദമില്ലാതെ തിന്നാല്‍ നാളെ ബ്ലോഗ് എഴുതുവാന്‍ ഒരാള്‍ക്ക് എങ്ങിനെ പ്രചോദനം കിട്ടും? ഈ പ്രചോദനം ഇല്ലെങ്കില്‍ സാധാരണക്കാരന്റെ ശബ്ദം എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ബ്ലോഗ് എങ്ങിനെ നിലനില്‍ക്കും? ഇതുപോലുള്ള ചോദ്യങ്ങള്‍ സ്വയം ചോദിച്ചു നോക്കതെ ബ്ലോഗര്‍മാര്‍ സ്വന്തം ബ്ലോഗുകളെ തന്നെ താഴ്ത്തിക്കെട്ടി, നമുക്ക് യാഹൂവിനോട് ക്ഷമിക്കാം, വിട്ടു കളയൂ, യാഹൂവില്‍ ജോലി ചെയ്യുന്നവരുടെ ഭാവി ഇത്യാദി ബാലിശമായ ന്യായങ്ങള്‍ പല തരത്തിലും കൊണ്ടു വന്നിരുന്നു. സമരത്തിനു സ്ത്രീകള്‍ മുന്‍പില്‍ നിന്നതുകൊണ്ട് അശ്ലീലവും ചുവരെഴുത്തും, കൂണ് പോലെ അനോണിമസ് ബ്ലോഗുകളും എല്ലാം അല്പം കൂടുതലായി ഈ സമരത്തില്‍ മലയാളം ബ്ലോഗുകളില്‍ ഉണ്ടായി.

ഈ വിമര്‍ശനത്തിലൊന്നും അണുവിട പതറാതെ തികഞ്ഞ ലക്ഷ്യബോധത്തോടു കൂടി കുറച്ച് ബ്ലോഗര്‍മാര്‍ ഈ സമരം നയിക്കുവാന്‍ ഒരു കോര്‍ ടീം ഉണ്ടാക്കി. കോര്‍ ടീമിനു ചുറ്റും സഹായിക്കുവാന്‍ സന്നദ്ധരായുള്ള ഓരോ ജോലികള്‍ ഏറ്റെടുത്ത ചെറിയ ചെറിയ ഗ്രൂപ്പുകള്‍. അങ്ങിനെ ഒരു ദിവസം പോലും വിശ്രമമില്ലാതെ രണ്ടര മാസത്തെ നീണ്ടു നിന്ന അധ്വാനമായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍. ജോലിക്കാര്യങ്ങാളും വീട്ടുകാര്യങ്ങളും വരെ താല്‍ക്കാലികമായി നിറുത്തിവെച്ച് ഇതിനുവേണ്ടി രാപ്പകല്‍ പലരും അധ്വാനിച്ചു. പത്രപ്രവര്‍ത്തകരുമായി സംസാരിക്കുക. അവര്‍ക്ക് വേണ്ടുന്ന മാറ്റര്‍ എത്തിച്ചു കൊടുക്കുക. പല വാ‍തിലുകളും മുട്ടുക. തുറക്കപ്പെടാത്ത വാതിലുകള്‍ക്ക് മുന്‍പില്‍ പിന്നേയും ഒരിഞ്ച് വിട്ടുകൊടുക്കാതെ നില്‍ക്കുക. ഇങ്ങിനെ പലപ്പോഴും നാണംകെട്ടും പലതവണ പരാജയങ്ങളുണ്ടായിട്ടും ഈ സമരം മുന്‍പോട്ട് പോയി. Saja.org, Reuters എന്നീ മാധ്യമ സംഘടനകളും U.S, U.K, Spain എന്നിങ്ങനെ വിവിധ രാജ്യങ്ങളിലെ പത്രങ്ങളേയും മാധ്യമ സംഘങ്ങളേയും സമീപിച്ചിരുന്നു.

എവിടുന്നെല്ലാം സഹായഹസ്തവുമായി ആളുകള്‍ വന്നുവെന്നുള്ളത് വളരെ പ്രത്യാശയും അത്ഭുതകരവുമായ കാര്യമായിരുന്നു. ചൈനയിലെ ഒരു ബ്ലോഗ് വായനക്കാരി അവരുടെ പരിമിതമായ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് മോഷ്ടിക്കപ്പെട്ട കണ്ടന്റിന്റെ സ്ക്രീന്‍ ഷോട്സും മാറ്ററും എല്ലാം അയച്ച് തന്നതു മറക്കനാവാ‍ത്തതാണ്. ബ്ലോഗില്‍ നിശബ്ദ വായനക്കാര്‍ ആയിരുന്നവരില്‍ ഒരാളാണ് സമരത്തിനെക്കുറിച്ച് ഏഷ്യാനെറ്റ് ഇന്റര്‍വ്യൂ തരപ്പെടുത്താന്‍ ഒരുപാട് സഹായിച്ചത്. അങ്ങിനെ അപ്രതീക്ഷിതമായി ഒരുപാട് ആളുകള്‍ സമരത്തിനു വേണ്ടി മുന്നോട്ട് വന്ന് സഹായിച്ചു. പേരിനോ പെരുമയ്ക്കോ വേണ്ടിയല്ലാതെ ആത്മാര്‍ത്ഥമായി പലരും സഹകരിച്ചു. ഇന്ദിര എന്ന പ്രശസ്ത ബ്ലോഗര്‍ അവരുടെ ബ്ലോഗ് തന്നെ ഇതിനു വേണ്ടി ഉപയോഗിക്കുവാന്‍ വിട്ടു തന്നിരുന്നു. അത്രമാത്രം വിപുലമായിരുന്നു സമരത്തിന്റെ പാത. ബ്ലോഗേര്‍സ് എന്നൊരു കൂട്ടായ്മയോ സംഘടനയോ ഇല്ലെങ്കില്‍ പോലും ബ്ലോഗ് വായനക്കാരും ബ്ലോഗ് എഴുത്തുകാരും എത്ര വലിയ വെര്‍ച്ചുവല്‍ ശൃംഖലയുടെ കണ്ണികളാണെന്നുള്ളത് ആശാവഹമാണ്. യാഹൂ സമരം അത് കാര്യമായി തന്നെ തെളിയിച്ചു.

ഇന്ത്യന്‍ മാധ്യമങ്ങളായ Hindu, Times of India, Rediff.com എന്നീ മാധ്യമങ്ങളെ സമരത്തിന്റെ വാര്‍ത്തകളുമായി സമീപിച്ചപ്പോള്‍, യാഹൂ ഒരുപാട് പരസ്യം നല്‍കുന്നതാണ് അത് കൊണ്ട് പിണക്കാന്‍ വയ്യ എന്ന തരത്തിലുള്ള ഒഴുക്കന്‍ മറുപടികളായിരുന്നു. എന്നാല്‍ ciol.com, dataquest India എന്നീ മാധ്യമങ്ങള്‍ സമരത്തിനു നല്ല കവറേജ് തന്നെ കൊടുത്തിരുന്നു. ഇതില്‍ നിന്ന് തന്നെ മനസ്സിലാക്കുവാന്‍ സാധിക്കും ഇന്ത്യന്‍ മാധ്യമങ്ങളുടെ പത്രധര്‍മ്മവും, എത്ര മാത്രം ബുദ്ധിമുട്ടാണ് ഇവരെ സമീപിക്കുവാനും എന്നുള്ളത്. സാധാരണക്കാരായ ബ്ലോഗര്‍മാരാരും അവര്‍ക്ക് ഒരിക്കലും പരസ്യം കൊടുക്കുന്നില്ലല്ലോ?

ഇതിനിടയില്‍ ഇന്ത്യന്‍ യാഹൂ സൂര്യഗായത്രിക്കെതിരെ പല വശംകെട്ട കളികളും നോക്കി. ഭീഷണി മുതല്‍ തികഞ്ഞ അവഗണന വരെ നടത്തി. ഇതെല്ലാം ധീരമായി നേരിട്ട് അവസാനം വരെ പിടിച്ച് നിന്ന വ്യക്തിയാണ് സൂര്യഗായത്രി എന്ന ബ്ലോഗര്‍. അവരുടെ ശക്തമായ നിലപാടാണ് ഈ സമരത്തിനെ ഇത്രയും മുന്‍‌പോട്ട് നയിച്ചത്. സൂവിന്റെ മോഷ്ടിച്ച കണ്ടന്റിനു പ്രതിഫലവും പോര്‍ട്ടലില്‍ ഒരു കോളമനിസ്റ്റിന്റെ ജോലി വരേയും യാഹുവിന്റെ കണ്ടന്റ് പ്രൊവൈഡര്‍ വാഗ്ദാനം ചെയ്തു, പരസ്യമായി മാപ്പ് പറയാതെയുള്ള കോമ്പ്രമൈസിനു സമ്മതിക്കാമെങ്കില്‍. ജോലിയോ പ്രതിഫലമോ വേണ്ട ഇനി ഇത് പോലെയൊരു അനീതി മറ്റൊരു ബ്ലോഗറിനോടും ആവര്‍ത്തിക്കരുതെന്നും അതുകൊണ്ട് തന്നെ മാപ്പ് പറയാതെ ഒരു കോമ്പ്രമൈസിനും തയ്യാറല്ലായെന്നുമുള്ള സൂവിന്റെ നിലപാടായിരുന്നു സമരത്തിന്റെ ഊര്‍ജ്ജം മുഴുവനും. കേസിനും കോടതിക്കും പോകുവാന്‍ പറയുവാന്‍ എളുപ്പമാണെങ്കിലും അതാണ് ശരിയായ മാര്‍ഗ്ഗം എങ്കിലും ഇന്ത്യന്‍ കോടതികളിലുള്ള സമയനഷ്ടവും കേസ് കൊടുക്കുന്ന ആളുടെ സ്വകാര്യതയുടെ നഷ്ടവും ഓര്‍ത്തുകൊണ്ടും അത് അവസാ‍ന മാര്‍ഗ്ഗമായി മാറ്റിവെയ്ക്കപ്പെട്ടു. അതല്ലാതെ എന്തെങ്കിലും ശക്തമായ സമരമുറകുളുണ്ടോയെന്ന് ആലോചിച്ചു വരികയായിരുന്നു.

അങ്ങിനെ എത്തും പിടിയും കിട്ടാതിരുന്ന ഒരവസരത്തിലാണ് ഇംഗ്ലീഷ് ബ്ലോഗിലെ രണ്ട് സ്ത്രീ സുഹൃത്തുകള്‍ (Revathi and Shaheen) ഒരു സമര ദിവസം തന്നെ നിശ്ചയിച്ച് എല്ലാവരും യാഹുവിനെതിരെ ഒരുമിച്ച് പോസ്റ്റ് ഇടണമെന്ന് നിര്‍ദ്ദേശിക്കുകയും ഇനിയും തോല്‍‌വിയും പരിഹാസവും ഉണ്ടാവുമെന്ന് ഭയന്നിട്ടും അവസാനമായി ഇതെങ്കിലും ഒന്ന് ശ്രമിച്ച് നോക്കാം എന്ന് കരുതുകയും മാര്‍ച്ച് അഞ്ചെന്നൊരു ദിനം പ്രഖ്യാപിക്കുകയും അന്ന് ഇതിനെതിരെ നിലകൊണ്ടവരെല്ലാം പോസ്റ്റ് ഇടുകയും ചെയ്തത്.

ബാക്കിയെല്ലാം ചരിത്രമാണ്. സമരത്തിനെ കാര്യമായി നിരീക്ഷിച്ചിരുന്ന യാഹൂ (യു.എസ്) പബ്ലിക്ക് റിലേഷന്‍സ് ഓഫീസ് മുന്നിട്ട് ഇറങ്ങുകയും യാഹൂ ഇന്ത്യ നിവൃത്തികെട്ട് അവരുടെ പോര്‍ട്ടലില്‍ മാപ്പ് പറയുകയും ചെയ്തു. അങ്ങിനെ യാഹൂ എന്ന ഗോലിയാത്തിനെ ഇരുന്നൂറോളം ഡേവിഡുമാര്‍ ഞങ്ങളുടെ കണ്ടന്റ് ഞങ്ങളുടേതാകും പൈങ്കിളിയേ എന്ന ഗാനം പഠിപ്പിച്ചു. ഇതിനു വേണ്ടി അന്ന് സമരത്തിനു മുന്‍പിട്ട് ഇറങ്ങിയവരും പ്രത്യേകിച്ച് സമരം നയിച്ച സൂര്യഗായത്രിക്കും ഇതിനുവേണ്ടി അന്ന് ഒരുമിച്ച് നിന്ന് പോസ്റ്റ് ഇട്ടവരുടേയും വിജയത്തിന്റേയും സന്തോഷത്തിന്റേയും ദിനമാണ് മാര്‍ച്ച് അഞ്ച് 2007. ബ്ലോഗുകള്‍ക്ക് വേണ്ടി, സാധാരണക്കാരന്റെ ശബ്ദത്തിനു വേണ്ടി ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലം കണ്ട ദിനം. ബ്ലോഗ് ചരിത്രത്തിലെ തന്നെയൊരു നാഴികക്കലാണ് ഈ ദിനം.

യാഹൂ പ്രശ്നം അവസാനിച്ചത് അങ്ങിനെയാണ്. സമരത്തില്‍ പ്രത്യക്ഷമായി കോടതിയും പ്രതിഫലവും എന്ന നിലപാട് എടുക്കേണ്ടി വന്നത് അങ്ങിനെ ഒരു ഉമ്മാക്കി കാട്ടിയെങ്കിലേ ഒരു മാപ്പെങ്കിലും കിട്ടുകയുള്ളൂ എന്നുള്ളതുകൊണ്ടായിരുന്നു. അത് സമരത്തിനെ വിജയിപ്പിച്ച നല്ലൊരു തന്ത്രമായിരുന്നു. ഒരിക്കല്‍ പോലും പ്രതിഫലമോ അല്ലെങ്കില്‍ അങ്ങിനെ ഒരു കാര്യമോ ഇതിന്റെ ചര്‍ച്ചകള്‍ക്കിടയില്‍ വന്നിട്ടില്ല. പരസ്യമായി മാപ്പില്‍ കുറഞ്ഞതോ കൂടിയതോ ഒന്നും ലക്ഷ്യത്തില്‍ ഇല്ലായിരുന്നു താനും. അങ്ങിനെ പരസ്യമായ മാപ്പ് യാഹൂ പറഞ്ഞതോട് കൂടി സമരപ്പന്തല്‍ അഴിച്ചു മാറ്റുകയും ചെയ്തു.

ഇതുപോലെ ഒരു സമരം നയിച്ച യാഹൂവിന്റെ കോര്‍ ടീം എന്തുകൊണ്ട് മറ്റുള്ള ബ്ലോഗ് കോപ്പിറൈറ്റ് വയലേഷനില്‍ ഇടപെടുന്നില്ല എന്നൊരു ചോദ്യം എപ്പോഴും ഉയരാറുള്ളതാണ്. ഇങ്ങിനെ ഒരു കോര്‍ ടീം ഉണ്ടാക്കിയത് യാഹൂ പ്രശ്നത്തിനു വേണ്ടി മാത്രമായിരുന്നു. യാഹൂ എന്ന വമ്പനെ നേരിടാന്‍ അത് ആവശ്യമായിരുന്നു. യാഹൂ പ്രശ്നം കഴിഞ്ഞതോട് കൂടി ആ ടീം പിരിച്ചു വിടുകയും ചെയ്തു. അങ്ങിനെ ഒരു ടീം ഇപ്പോള്‍ നിലവിലില്ല. ബ്ലോഗുകളില്‍ ഇനി സംഭവിക്കാനിരിക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം ഈ ടീം ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സാധ്യമല്ല. ഒരുപാട് സമയവും അധ്വാനവും വേണ്ടുന്ന കാര്യങ്ങളാണിവ. അത് കൊണ്ട് തന്നെ എല്ലാവര്‍ക്കും ഇത് എല്ലായ്പ്പോഴും സാധിക്കുന്ന കാര്യവുമല്ല. ഇങ്ങിനെയുള്ള ആവശ്യങ്ങള്‍ വരുമ്പോള്‍ ഇതുപോലെ ആവശ്യമുള്ളവര്‍